തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യം വില്പനയ്ക്കായി സംസ്ഥാനത്ത് വിദേശമദ്യച്ചട്ടത്തിൽ ഭേദഗതി കൊണ്ടുവന്നത് കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് രേഖകൾ.
കർഷകർക്ക് പ്രയോജനം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ വീര്യം കുറഞ്ഞ മദ്യത്തിനായി വിദേശമദ്യച്ചട്ടത്തിൽ 2022ൽ ഭേദഗതി കൊണ്ടുവന്നതിനു പിന്നാലെ ബക്കാർഡി അടക്കമുള്ള വൻകിട വിദേശ മദ്യകന്പനികളും അന്നത്തെ സർക്കാരിനെ സമീപിച്ചിരുന്നതായി രേഖകൾ പറയുന്നു.
4.8 ശതമാനം ആൽക്കഹോൾ അടങ്ങിയ ബക്കാർഡി ബ്രീസർ, എട്ടു ശതമാനം ആൽക്കഹോൾ അടങ്ങിയ ബക്കാർഡി പ്ലസ് എന്നീ ലഹരി പാനീയങ്ങളുടെ വില്പനയ്ക്കുള്ള അനുമതിക്കായാണ് കന്പനി സർക്കാരിന് അപേക്ഷ നൽകിയത്. ഇതിൽ ആദ്യ ഇനത്തിൽ ലൈം, ജിഞ്ചർ, ഓറഞ്ച് ഫ്ളേവറുകളിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്പനയ്ക്കായാണ് അനുമതി തേടിയത്.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനത്തിനായി നികുതി ഇളവ് നൽകണമെന്ന അന്നത്തെ എക്സൈസ് വകുപ്പിന്റെ ശിപാർശയിൽ ധനവകുപ്പ് അനുകൂല തീരുമാനമെടുക്കാത്തതാണ് ഇത്തരം മദ്യത്തിന്റെ വില്പന കഴിഞ്ഞ സർക്കാരിന്റെ കാലത്തു സംസ്ഥാനത്തു നടപ്പാക്കാൻ കഴിയാതിരുന്നത്.
കശുമാങ്ങ, ചക്ക, കൈതച്ചക്ക തുടങ്ങിയ പഴവർഗങ്ങളിൽനിന്നു വീര്യം കുറഞ്ഞ ഹോർട്ടിവൈനും മൂല്യവർധിത ഉത്പന്നങ്ങളും ഉത്പാദിപ്പിക്കാമെന്ന പ്രഖ്യാപനമായിരുന്നു ആദ്യം നടത്തിയത്. ഇതു സംസ്ഥാനത്തെ കർഷകർക്കു പ്രയോജനം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, 2022-23ൽ കൊണ്ടുവന്ന വിദേശമദ്യച്ചട്ട ഭേദഗതിയിൽ മൈക്രോ ഡിസ്റ്റിലറി റൂൾസ് എന്ന പേരിൽ ചട്ട നിർമാണ നടപടികളാണ് സ്വീകരിച്ചത്.
കർഷകർക്ക് ആശ്വാസം നൽകുമെന്നു പറഞ്ഞെങ്കിലും വൻകിട ഡിസ്റ്റിലറികളുടെ വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്തു വില്പന നടത്താമെന്ന വ്യവസ്ഥയും അന്നത്തെ ഭേദഗതിയിൽ ഉൾപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനത്തിനായി നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. 10 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ ലഹരി പാനീയത്തിന് 120 ശതമാനം വിൽപന നികുതിയും 10നും 20നുമിടയിൽ ആൽക്കഹോൾ അടങ്ങിയ മദ്യത്തിന് 175 ശതമാനം വില്പന നികുതിയുമാണ് ശിപാർശ ചെയ്തിരുന്നത്. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 251 ശതമാനം വിൽപന നികുതിയാണ് സംസ്ഥാനത്ത് ഈടാക്കുന്നത്.
വില കുറച്ചു വില്പന നടത്തിയാൽ മദ്യ ഉപയോഗം ഉയരുമെന്നാണ് പ്രതിപക്ഷ ആരോപണം. എന്നാൽ, സംസ്ഥാനത്ത് വില്പന നടത്തുന്ന ബിയറിന് 116 ശതമാനം നികുതി മാത്രമാണ് ഈടാക്കുന്നത്. ഇതിലും ഉയർന്ന നികുതിയാണ് വീര്യം കുറഞ്ഞ മദ്യത്തിന് ശിപാർശ ചെയ്തിട്ടുള്ളതെന്നാണ് നികുതി വകുപ്പ് ഉന്നതർ പറയുന്നത്.
എക്സൈസ് മന്ത്രിയെ അറിയിക്കാതെ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനത്തിന് നികുതി ഇളവ് ഏർപ്പെടുത്തിയ ധനവകുപ്പ് നടപടിയിലാണ് കോണ്ഗ്രസിൽ എതിർപ്പുള്ളത്.